സമവൃത്തങ്ങളിൽ എഴുതിഫലിപ്പിക്കാവുന്ന ഒരുപ്രാസമാണ് അഷ്ടപ്രാസം.  യതിവരുന്ന പാദങ്ങളിൽ യതിയോടുചേർന്ന് രണ്ടക്ഷരങ്ങളെ ആവർത്തിപ്പിക്കുന്നത് എന്ന് ഭാഷാഭൂഷണം.  ഉദാഹരണമായി ശാർദ്ദൂലവിക്രീഡിതത്തിലെ ഒരുശ്ലോകം കൊടുത്തിരിക്കുന്നു. 

യതി എന്നത് ഓരോവരിയിലും ചൊല്ലിവരുമ്പോൾ കൊടുക്കുന്ന നിറുത്ത് ആണ്.  അവിടെവെച്ച് വരി രണ്ടായിമുറിയുന്നു. മുറിച്ചുവെച്ച ഓരോഭാഗത്തിനും നമ്മൾ സാധാരണകാണുന്നപോലെ ദ്വിതീയാക്ഷരപ്രാസം കൊടുക്കുന്നു എന്നിരിക്കട്ടെ, അതേ രീതിതന്നെ ബാക്കി 3 വരികളിലും അനുവർത്തിക്കുന്നു എന്നുമിരിക്കട്ടെ.  നമ്മുടെ ശ്ലോകത്തിൽ 4 വരികളിലായി ഈരണ്ടുവട്ടംവെച്ച് മൊത്തം 8 തവണ നമ്മുടെ പ്രാസാക്ഷരം ആവർത്തിച്ചിരിക്കും.

അതായത് 4 വരി X 2 വട്ടം =  8.  ഇതാണ് അഷ്ടപ്രാസമെന്നും, അഷ്ടാക്ഷരപ്രാസമെന്നും അറിയപ്പെടുന്നത്.

അഷ്ടപ്രാസത്തിന് യതി ശരിക്കും നിർബന്ധമാണോ? അല്ലെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്.  എല്ലാവൃത്തങ്ങൾക്കും ഒരുസ്വാഭാവിക ഈണമുണ്ടാകും, ആ ഈണത്തിൽ ചൊല്ലിവരുമ്പോൾ ചിലപ്രത്യേകസ്ഥാനങ്ങളിൽ ഒരു ഊന്നൽ വരാം.  ആ സ്ഥാനം പ്രാസത്തിനെടുത്താലും അഷ്ടപ്രാസം കൊണ്ടുവരാനാകും.