വൃത്തം: സ്രഗ്വിണി
പ്രാസം: അഷ്ടപ്രാസം
പോകയായർക്കനിന്നേകനായ് സാഗരം
പൂകിടും നേരമോ തൂകിടും ചെന്നിണം
നൽകി മാനത്തിനൊന്നാകെ തൻ നൊമ്പരം
പാകിവെച്ചുള്ളപോൽ നാകവർണ്ണാഭകൾ
മോടിയിൽ സന്ധ്യതന്നംബരം കണ്ടു ഞാൻ
ആടലോടോർത്തുപോയ് കൂടെയുണ്ടെങ്കിൽ നീ
പാടലപ്പൂക്കളം കൂടുതൽ ചായമാൽ
നീടിലുണ്ടാക്കുവാൻ ചൂടിയെൻ കാമന!
താണുപോയർക്കനും ശോണിമയ്ക്കൊപ്പ,മെൻ
പ്രാണനിൽ പൂക്കളം വീണിടാതിപ്പൊഴും
കാണുവാനല്ലതു,ൾക്കോണിലായോർമ്മകൾ
വാണിടും കാലമാണോണമാണെപ്പൊഴും
സാരസപ്പൊയ്കയിൽ നീരജം പൂവിടും
നേരമെന്നോർമ്മയിൽ താരുപോൽ നിൻ മുഖം
ആരുയിർ നീയൊരാൾ ദൂരെയാണെങ്കിലും
ചേരുമെന്നാത്മനാ ചാരെ നീയുള്ളപോൽ
മാലതിപ്പൂക്കളും മേലെ നീഹാരവും
പോലെ നിൻ നെറ്റിമേൽ ചാലിടും വേർപ്പുനീർ
ശാലിയാം പൂങ്കുയിൽ ശൈലിയിൽ സ്വച്ഛമായ്
ശീലുകൾ പാടുമാ ശീലമൊന്നോർത്തുപോയ്
ശ്യാമമാമംബരം തൂമ തീർത്തമ്പിളി
പ്രേമസർവ്വസ്വമേ എൻ മനം നിൻ മുഖം
നാമണഞ്ഞെന്നപോൽ താമസിക്കാതെയാ
പൂമരച്ചില്ലകൾ ചാമരം പൂണ്ടിതാ
കാതരസ്പന്ദനം ചെയ്തിടുന്നെന്നിലെ
ഭൂതകാലസ്മൃതിയ്ക്കോ തലോടും സുഖം
ആതപത്തിൻ വ്യഥാതീതമാം സാന്ത്വനം
ശീതളക്കൈകളാൽ കോതിടുന്നെന്നപോൽ
ആളലുണ്ടുള്ളിലായ് കോളുമുണ്ടെങ്കിലും
കോളിളക്കത്തിലും കേളിയാടുന്നു നീ
നാളമായ് പൂത്തു നീയുള്ളിലെപ്പോഴുമെൻ
നാളിയിൽ ചോരകൊണ്ടോളമേകും ചിരം
നോവുകൾ തിങ്ങിടും ദാവദാരുക്കളു-
ണ്ടെൻ വഴിത്താരയിൽ പോവതോ ദുർഘടം
മേവതുണ്ടൊപ്പമെൻ ഭാവസാന്നിധ്യമായ്
കേവലസ്നേഹമെൻ ജീവപാഥേയവും
ആയിരം വർണ്ണമാൽ ചായമിട്ടുള്ളൊരെൻ
പോയ കാലത്തിലെ സ്ഥായിയാമോർമ്മകൾ
ഊയലാലാടിടും നീയതിൽ നിത്യവും
മായയോ എന്നിലുണ്ടായ വിഭ്രാന്തിയോ
നാലുരേഫങ്ങളാൽ സ്രഗ്വിണീ വൃത്തമായ്