വൃത്തം : ശംഭുനടനം
പ്രാസം : ഷോഡശപ്രാസം
2, 10, 18, 22 എന്നീ സ്ഥാനങ്ങൾ ആദ്യത്തെ 7 പദ്യങ്ങളിലും അവസാനത്തേതിൽ 3, 11, 19, 23 എന്നിവയും ശ്രദ്ധിക്കുക.
അവസാനശ്ലോകം മാത്രം ദ്വിതീയാക്ഷരപ്രാസം + ഷോഡശപ്രാസം
കരാളമിരുളേകിയ നിരാശമനവേപഥു തിരാർണ്ണവമൊരാധിയിളകേ
ചിരായ പലനൊമ്പരമരാളമുലയും ബത പരാജയനിരാസമുണരാൻ
നിരാതപമനസ്സൊരു മരാളഘനധാരയിലിരാചരനിരാവലികളും
തരാവുശിവനേ തവവിരാജിതമനം മമ, കിരാടികവരാവു മൊഴിയിൽ 1
കരാള - ഭയങ്കരമായ, ക്രൂരമായ, മാരകമായ
വേപഥു - വിറയല്‍, കമ്പനം, ഇളക്കം
തിരാർണ്ണവം - അലകടൽ
ചിരായ - വളരെ കാലമായുള്ള
അരാളം - ചാഞ്ചല്യം
നിരാസം - നിരസിക്കല്‍
നിരാതപ - ചൂടില്ലാത്ത
മരാളം - മേഘം
ഇരാചര - ആലിപ്പഴം
കിരാടിക - പഞ്ചവർണക്കിളി
കലാധരപരായണ ഹലാഹലഗളം സുരപലായന വിലാപശമനം
പ്രലാപിമനവേദനയലാതമെരിയേ കൃപവലാഹകമിലാവുമഴയായ്
ജലാശയവിഭാവന പലാശനിറസൈകതവിലാസിത കലാപിനടനം
ജലാഷമനപൂർണ്ണിമലലാമ മതിശോഭിത നിലാവിലെ വലാകചിതിപോൽ 2
പരായണ - ആശ്രയിച്ചിരിക്കുന്ന
ഹലാഹലം - കൊടിയ വിഷം
പ്രലാപി - പ്രലപിക്കുന്ന
അലാതം - തീക്കൊള്ളി
വലാഹകം - മേഘം
ഇലാവുക - ഉലാവുക
പലാശ - പച്ചനിറമുള്ള
സൈകതം - മണല്‍ത്തിട്ട, മണല്‍പ്രദേശം
കലാപി - മയിൽ
ജലാഷം - സുഖം, ആനന്ദം, സന്തോഷം
ലലാമ - ഭംഗിയുള്ള, കൗതുകം തോന്നിക്കുന്ന
വലാക - വെള്ളിൽ കിളി, മേഘങ്ങൾക്കും മേലെ ഉയരങ്ങൾ തേടി പറക്കുന്ന പക്ഷി
ചിതി - പ്രജ്ഞാനം, ഗ്രഹണം, അറിവ്
സ്തവാദിഗണഗീതിക ദിവാനിശജപം ഭവനിവാരണ ദവാഗ്നിപടരാൻ
പ്രവാഹമണയേ, മദയവാസമെരിയേ, കൃപയവാന്തരഖവാരി തഴുകേ,
അവാച്യമൊരുചേതന വിവാരപദതല്ലജ സുവാസിതകവാരഹൃദയം
ഭവാനിപതിയെൻമന നിവാസമരുളേ മമശിവാ! ദിവകവാടനികടം 3
ദിവാനിശ - രാപ്പകൽ
ദവാഗ്നി - കാട്ടുതീ
ഖവാരി - മഞ്ഞുവെള്ളം, മഴവെള്ളം
മദം - കോപം/ ഐശ്വര്യം കൊണ്ടുണ്ടാകുന്ന അഹങ്കാരം
അവാന്തര - ഉള്ളില്‍പെട്ട
യവാസം - കടുത്തുവ, ചൊറിച്ചിലുണ്ടാക്കുന്ന തരം പുല്ല്
വിവാരം - വിരിവ്
തല്ലജം - ശ്രഷ്ഠം, പ്രശസ്തം
കവാരം - താമര
ദിവം - സ്വർഗ്ഗം
നികടം - അടുത്ത്
പ്രമാദമദകാമന കുമാരഗുരുനീക്കിടു യമാന്തക നമാമിസതതം
അമാന്തമരുളാതൊരു ശമാദിഗുണഭൂഷണമുമാപതി സമാഹിതവരം
പ്രമാണമകമേ ദിവസമാനവഴിപൂമുഖസമാഗതകമാനമഴവിൽ
ഹിമാലയഗിരീശനസമാഗമമനം പരിസമാവൃത സമാധിനിലയം 4
പ്രമാദം - ചെയ്യേണ്ടതു ചെയ്യാതിരിക്കൽ/ മൂഢത,
മദം - ഐശ്വര്യംകൊണ്ടുണ്ടാകുന്ന അഹങ്കാരം
കുമാര ഗുരു - ദക്ഷിണാമൂർത്തി
സമാഹിത - വാഗ്ദാനംചെയ്ത /ഒരുമിച്ചു കൂടിയ
സമാവൃത - ചുറ്റപ്പെട്ട/രക്ഷിക്കപ്പെട്ട
പ്രഹാരികവരം കരികഹാഹപരിവാഹന വിഹാപിതസഹായചരണം
വിഹായമിരുളിൻമറ സഹാരിയറിവിന്നൊളി സുഹാസിത മഹാതമഹതം
മഹാസതിസമാഹൃത മഹാനടനനാടക മഹാസ്ഥിതിവിഹാരമുലകം
നിഹാരചിരഭോജനഗൃഹാന്തരസുഖംനനു മഹാശിവനു ഹാ അതിസരം? 5
പ്രഹാരി - പ്രഹരിക്കുന്ന
കവരം - ഗർവ്വം
കരി - കറുത്ത
കഹാഹം - പോത്ത്
വിഹാപിത - നൽകപ്പെട്ട
വിഹായ - പിന്നിട്ടുകൊണ്ട്
സഹാരി - സൂര്യൻ
സമാഹൃത - കൂട്ടിച്ചേര്‍ക്കപ്പെട്ട
നനു - ചോദ്യം ആക്ഷേപം അനുനയം അനുജ്ഞ തുടങ്ങിയവ കുറിക്കാന്‍ ഉള്ള പ്രയോഗം
അതിസരം - പ്രയത്നം
പ്രപാതമളവിൽ വരനിപാതനിചയം തരുമപാനൃത ജപാദിവിധിയിൽ
ഉപാസിതസുഭക്തനനുപാതമനപേതഗതി പാലയ കപാലിസവിധം
നൃപാലഗണനാഥനനപാകരണവൈരി തവപാടലിക പാരമറിവൂ
ഉപാഗതജനംവരുമപാരചരണം ഗുരുകൃപാനിധി വിപാകമരുളും 6
പ്രപാതം - വെള്ളച്ചാട്ടം
നിചയം - കൂട്ടം, ശേഖരം
അപാനൃതം - കള്ളമില്ലാത്ത
അനുപാതം - പിന്തുടരൽ
അനപേത - വിട്ടുകളയാത്ത
അനപാകരണം - അപ്രകാരം ചെയ്യാതിരിക്കൽ /കൊടുക്കാതിരിക്കൽ
പാടലിക - അന്യന്റെ രഹസ്യങ്ങളറിയുന്ന/കാല ദേശ ജ്ഞാനമുള്ള
വിപാകം - ഫലം
സുതാര്യ ഹൃദികാമന നിതാന്തതവചിന്തന നതാനനവിതാനസവിധം
സിതാരുണവികാസിത സുതാരക വികാശമനുതാപമനതാരിലുയരാൻ
ഹിതാദരനിവേദനമിതാണു പദമാലിക ശതാഗദിത താമരദളം
പ്രതാപഗിരിരാജ മമ താന്തമനമന്തരപതാപതകൃതാന്തകദനം 7
നതാനനം - കുനിഞ്ഞ മുഖം
വികാശം - സുഖാനുഭവം/ ഏകാന്തത
അനുതാപം - താപം നീങ്ങിയ
ഹിതാദര - ഹിതവും ആദരവും
അഗദിത - പറയപ്പെടാത്ത
പതാപത - കൂടെക്കൂടെ വീണുപോകുന്ന
കൃതാന്ത - അവസാനിപ്പിച്ച
ജഗത്തിനുപിതാവരിയൊരുത്തമകുലീനവധുവൊത്തിതു പകുത്തവപുവാൽ
അഗത്തിനധിപൻ ഗിരിയുയർത്തിയൊരു തുംഗസവിധത്തിലൊരു നർത്തനവിധം
'ഭഗ"ത്തിനധിപൻതവ കൊടുത്തതിരുമംഗലമുഖത്തിനൊരു കീർത്തിതിലകം
യുഗത്തിനൊടുവുള്ളവിലയത്തിലുമതേപടി,യൊരുത്തനതു ചാർത്തിയതിനാൽ 8
വപു - ദേഹം
അഗത്തിനധിപൻ - ഹിമവാൻ
ഭഗത്തിനധിപൻ - ഐശ്വര്യം, സമഗ്രത, ധർമ്മം, യശസ്സ്, ശ്രീത്വം, ജ്ഞാനം, വൈരാഗ്യം ഇവ ഉള്ളവൻ