വൃത്തം : ശ്രവണാഭരണം / അഭിമതം
പ്രാസം : ദ്വിതീയ + അനുപ്രാസം
സവിധമണഞ്ഞു തൊഴുന്നൊരുവന്നു പുലർന്നകമിന്നു നിറന്നപദം
കവിമനഭാവനയെന്നസരോജനി തന്നുയിരിൽ നിറയുന്നമലം
കവിത വിടർന്നുവരുന്നു മനം വഴിയുന്നമൃതം പകരുന്നളവിൽ
അവിരളവാക്കുകളൊന്നൊഴിയാതെയുയർന്നുപറന്നതിനുന്നതിയിൽ
(സരോജനി - താമരപ്പൊയ്ക)
അകമനകങ്കരപങ്കിലമങ്കകളങ്കിത സങ്കരസങ്കലനം
പുകമറകാങ്കിലുയർത്തിയസങ്കടപുംഗകലങ്കുര മങ്കിതമോ
മികവൊടു പുംഗലപുംഗവരംഗിതരംഗണരംഗതരംഗിണിയിൽ
മുകരിമണം! മനപങ്കജിനിപ്രതി സങ്കുലപങ്കജകങ്ക വരും
(കങ്കര - ചീത്തയായ പങ്കിലം - ചെളിനിറഞ്ഞപ്രദേശം
അങ്കം - പാപം/അപരാധം സങ്കര സമ്മിശ്രമായ സങ്കലനം - കൂടിച്ചേർക്കൽ/ഒന്നാക്കൽ
കാങ്കിൽ തീക്കനൽ/ചൂട്
പുംഗം - കൂട്ടം കലങ്കുരം- നീർച്ചുഴി മങ്കിതം - ചോല
പുംഗലം - ആത്മാവ് പുംഗവം - ശ്രേഷ്ഠമായത് രംഗിത - നിറംപിടിപ്പിച്ച/ആകര്‍ഷകമായ രംഗണം - നൃത്തം മുകരി - മുല്ല പങ്കജിനി - താമരപ്പൊയ്ക പ്രതി - പോലെ/സാദൃശ്യം സങ്കുല - കൂട്ടത്തോടെ കങ്ക - താമരയുടെ സുഗന്ധം)
നവനവസുന്ദരചിന്തകളൂള്ളിലെ മന്ഥരകന്ധരമാരി വിധം
ഭവതികനിഞ്ഞ ഭവാന്തരമെന്തൊരുബന്ധുരമന്തരകാന്തികളിൽ
കവനമുണർന്നൊരു സിന്ധുസമം, തവബാന്ധവമാൽ മതിശാദ്വലമായ്
ഇവനുമനം മഴചിന്തിയതാൽ സുധതുന്ദിലബിന്ദു ഹൃതന്തവിധൗ
(മന്ഥര - കൊഴുത്ത കന്ധര - മേഘം ഭവാന്തരം - മറ്റൊരുജീവിതം/മറ്റൊരവസ്ഥ
ബാന്ധവം - സ്നേഹം ശാദ്വല - പച്ചപ്പ് നിറഞ്ഞ തുന്ദില - വഹിക്കുന്ന വിധൗ - സമയത്ത്)
മഴപൊഴിയും കൃപമട്ടലരായ് തവനോട്ടമദൃഷ്ടമൊടേറ്റിവനിൽ
നിഴലിഴകൾ കടുകട്ടിയകത്തെയിരുട്ടുമകറ്റിയ വെട്ടമതായ്
അഴലഴിയും വഴിവിട്ടൊഴിയും, കളയട്ടെ,യലട്ടിയകഷ്ടതകൾ
കഴലിണയാൽ തലതൊട്ടതുതൊട്ടൊരു ധന്യത! കിട്ടിയിരട്ടിഫലം.
(മട്ടലർ - തേനുള്ളപൂ അദൃഷ്ട - കാണപ്പെടാത്ത/സുകൃത-ദുഷ്കൃതങ്ങളുടെ ഫലമായിവരുന്ന സുഖദുഃഖാനുഭവങ്ങൾ)
ഭഗവതിയുത്തമസദ്ഗുണസത്തുവിതിർത്തൊരുനീർത്തുളി പെയ്തമഴ
നിഗമമൊരിത്തിരി സത്തപടുത്തുകലർത്തിയെടുത്തതു വിത്തമഴ!
മൃഗമദഗന്ധമുണർത്തിയകത്തുനിരത്തിയതോ കവിവൃത്തനിര
സുഗമപദം പടുവൊത്തതുകോർത്തിടെ വാഴ്ത്തിടുവാനിതു മൗക്തികമായ്
(നിഗമം - വേദം/ദൈവവാക്ക് വിത്തം -അറിവു് മൃഗമദം - കസ്തൂരി മൗക്തികം - മുത്തുമാല പടു - സമർത്ഥൻ, സാധാരണ/താണ എന്നൊക്കെയും പറയാം. അതായത് പദങ്ങൾ സമർത്ഥമായിനിരത്തിയെതെന്നോ അല്ലെങ്കിൽ താണപദങ്ങൾ നിരത്തിയിട്ടും കൃപയാൽ അത് മൗക്തികമായി എന്ന രീതിയിലും എടുക്കാം)
മതി തെളിവോടെതിളങ്ങി, വിളങ്ങിമനം സ്ഫുരണങ്ങളരങ്ങിടവേ
സ്തുതിയിതുകൊണ്ടുകരങ്ങളിണങ്ങിവണങ്ങി പദങ്ങളിലിങ്ങനെ ഞാൻ
ശിതികിരണങ്ങളുമായ് വചനങ്ങളൊരുങ്ങി,യിറങ്ങി വരങ്ങളതിൽ
ദ്യുതിവിതനുസ്ഫുടനങ്ങളിതോ സ്ഫടികങ്ങളതിൽ മണികങ്ങളുമോ
(അരങ്ങിടുക - ആരംഭിക്കുക ശിതി - വെളുത്ത വിതനു - അഴകുള്ള സ്ഫുടനം - വികാസം മണികം - രത്നം/ചില്ലുമേട)
ഒരുവനുമേൽ തവദൃഷ്ടിപതിഞ്ഞു ദയപ്രകലപ്രദ വിപ്രതയാൽ
ഒരുനിമിഷം പ്രചയംവരവായ് പ്രസഭപ്രദവപ്രഥിതപ്രതിഭ!
വരുമരികെ പ്രവഹം പ്രജവം പ്രണതന്നുഭവം സകലപ്രഭവം
തരുമധികം പ്രമദം പ്രയതപ്രകരപ്രതതപ്രണുതസ്തുതിയാൽ
(പ്രകല വളരെ ചെറിയ പങ്ക്, പ്രദ - കൊടുക്കുന്ന വിപ്രൻ - വിദ്വാൻ/കവി
പ്രചയം - കൂമ്പാരം പ്രസഭം ശക്തിയോടെ പ്രദവം - പ്രകാശം പ്രഥിത - പുകഴ്ത്തപ്പെട്ട/ അറിയപ്പെട്ട പ്രതിഭ- ബുദ്ധിവിശേഷം പ്രവഹം- ഒഴുക്ക് പ്രജവം - അതിവേഗം പ്രണത - നമസ്കരിക്കുന്ന ഭവം - പ്രാപ്തി പ്രഭവം - ജ്ഞാനത്തിന്റെ ഉറവിടം പ്രമദം - സന്തോഷം പ്രയത- പ്രയത്നിക്കുന്ന പ്രകര അധികം ചെയ്യുന്ന പ്രതതം - തുടര്‍ച്ചയായ പ്രണുത - സ്തുതിക്കപ്പെട്ട)
പുതുപുതുഭാവനമണ്ഡമെടുത്തൊരു പിണ്ഡിതപിണ്ഡികഭാണ്ഡവുമായ്
ചതുരവിചാരമഖണ്ഡമതിൽ പദമണ്ഡനമോടൊരു മണ്ഡലവും
അതുമുഴുവൻ സ്തുതിപോൽ മമതുണ്ഡമുണർത്തിയ തുണ്ഡിലലുണ്ഡിവിധം
അതുമതി ഖണ്ഡിത,മിന്നൊരു പണ്ഡിതമണ്ഡനമണ്ഡപമേറിടുവാൻ
(മണ്ഡം - എല്ലാ രസങ്ങളുടെയും തെളി പിണ്ഡിത - ഗുണിക്കപ്പെട്ട/ബലമുള്ള
പിണ്ഡക - കസ്തൂരി മണ്ഡന - അലങ്കാരശീലമുള്ള തുണ്ഡം - വായ
തുണ്ഡില ധാരാളം സംസാരിക്കുന്ന ലുണ്ഡി - ശരിയായ പ്രവര്‍ത്തനം,
ഖണ്ഡിതം - നിശ്ചയം മണ്ഡനം - അലങ്കാരമായ/ അനുകൂലവിമർശനം)
കനിവിലൊരക്ഷയമക്ഷരചക്ഷണമക്ഷിതചക്ഷണിയക്ഷമൊടും
ഇനിമയിലുക്ഷിതമിക്ഷുകമാം ക്ഷരമക്ഷരഭിക്ഷുവിനേകുക നീ
തനിമയിലക്ഷജമിക്ഷണമീക്ഷണമീക്ഷസമീക്ഷ കണക്കിവനും
ഇനിയവിവക്ഷയിതാ ക്ഷിതിരക്ഷക ഭിക്ഷതരൂ ക്ഷമമീക്ഷിക നീ
(അക്ഷയമായ അക്ഷരത്തിൻ്റെ, ചക്ഷണം = കാഴ്ച,/ഭാവം.
അക്ഷിത = അഴുകാത്ത, ചീയാത്ത ചക്ഷണി = പ്രകാശിപ്പിക്കുന്ന അക്ഷം = ജ്ഞാനം
ഇനിമ - മധുരിക്കുന്ന ഉക്ഷിത - ശുദ്ധി ചെയ്യപ്പെട്ട ഇക്ഷുകം - കരിമ്പ് ക്ഷരം - വെള്ളം
അക്ഷജം - വജ്രം,/വൈരക്കല്ല് ഇക്ഷണം - ഇപ്പോൾ/ഈ നിമിഷം ഈക്ഷണം - കണ്ണ് ഈക്ഷ - കാഴ്ച/വിചാരം സമീക്ഷ - ധാരണ/ഗ്രഹണം ഇനിയ - ഹിതമുള്ള/മനോഹരമായ വിവക്ഷ - ആഗ്രഹം ക്ഷമം - യോഗ്യത/ഔചിത്യം ഈക്ഷിക - കാണുന്നവൾ/നോക്കുന്നവള്‍)
മമമനമേ പുതുപത്രിണിചിത്രകയത്രവചിത്രഗചൈത്രസമം
ത്രിമധുരസത്തപെരുത്തൊരുസത്രി, വിചിത്രമഴ! ത്രിദിവം ത്രസനം
സമയിമനം വരദാത്രിതരും ത്രധസിദ്ധികെളത്ര,യരിത്രയവൾ
സുമധുരഭാവസരിത്തതു തത്രതരിത്രി,തരിത്രമതത്രെയിവൻ
(പത്രിണി അങ്കുരം,/മുള ചിത്രക - ശോഭയുള്ള അത്രവ - അവിടെത്തന്നെ
ചിത്രഗ - വിവിധവര്ണങ്ങളുള്ള ചൈത്രം - വസന്തം സത്രി - മേഘം ത്രിദിവം - സ്വർഗ്ഗം ത്രസനം - ഹൃദയം സമയി - സമയാചാരം അനുഷ്ഠിക്കുന്നയാൾ
ദാത്രി - കൊടുക്കുന്നവള്‍ ത്രധ - മൂന്നിരട്ടി അരിത്ര - മുന്നോട്ട് കൊണ്ടുപോകുന്ന
തത്ര - അവിടെ തരിത്രി - തോണിക്കാരി തരിത്രം - തോണി)
പരിചൊടുവൃത്തമതിൽ നജജം ജജജം ജലഗ ശ്രവണാഭരണം
അഭിമതവൃത്തമതിൽ നഗണം ജഗണം ജഗണം ജഗണം ല ഗുരു