വൃത്തം: കുസുമമഞ്ജരി
പ്രാസം: വിംശതിപ്രാസം
(പ്രാസം 5 x 4 വരി)
തൊട്ടു തൊട്ടു സുമമൊട്ടുപുൽകി കുളിരൊട്ടിവന്ന പുതുവെട്ടമാൽ
കേട്ടു മട്ടിയവു,മൂട്ടി പൊൻവെയിലു,മാട്ടി ചാരുലത തൊട്ടിലും
കാട്ടുമട്ടലരി പട്ടിളം കസവുമിട്ടുമൂടി വിടരട്ടെയോ
വട്ടമിട്ട മിഴിവൊട്ടു തൂകി രതിമട്ടിലെത്തി മിഴിനീട്ടിടാൻ
(മട്ടിയം - മുഖസ്തുതി/പ്രശംസ ഊട്ടുക - പോഷിപ്പിക്കുക/ ചായം തേയ്ക്കുക മട്ടലരി - തേനുള്ള പൂ)
ചാരുവാം രുധിരതാരുണർന്നു, മനമോരുവാൻ പുതിയൊരാരുഷി!
താരുണാരുണവുമാരുതന്നു ദലമാരുവാൻ പറയു നേരുനീ
വാരുചേരുമഴകാരു നീ, തുഹിനവാരുണം വിതറിമാരുതൻ
ആരുയിർ! രുചിരമാം രുതം തഴുകി, ദാരുകണ്ട കനവിൽ രുഹം?
(രുധിര - ചുവപ്പുനിറം, രക്തവര്‍ണം. ഓരുക - വിചാരിക്കുക ആരുഷി - ഉഷസ്സ് താരുണ - ചെറുപ്പമായ അരുണം - ചുവപ്പ് ആരുക - നിറയുക/ചേരുക തുഹിനം - മഞ്ഞുനീർ വാരുണം - ജലം ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ രുചിര - മാധുര്യമുള്ള രുതം - പക്ഷിയുടെ കൂജനം രുഹം - ഉണ്ടായത് (സരസീരുഹം - സരസിൽ ഉണ്ടായത്)
താവിഷം വികചമീ വിചിത്രദലമോ വിഡൂരജവിധം വിധൗ
മേവിയോ വിഗതരാവിലെ പ്രിയകിനാവിലൂർന്നമധു രാവിലെ?
ദ്യോവിലും വിതനുദേവിലസ്ഫുടിത പൂവിതൾ ചൊരിയുമീ വിഭ
ദാർവിപോൽ വിലസിയുർവിയിൽ വിടരുവാൻ വിധിച്ചരുളിയോ വിഭു
(താവിഷം: പൊന്ന് വികചം: വിരിഞ്ഞത്/പൂത്തുനിൽക്കുന്നത് വിചിത്ര:ഭംഗിയുള്ള/പലനിറമുള്ള വിഡൂരജം: വൈഡൂര്യം വിധൗ: സമയത്ത് വിഗത: പോയ വിതനു: അഴകുള്ള ദേവില: സുകൃതമുള്ള സ്ഫുടിത: വിടര്‍ന്ന വിഭ: രശ്മി/സൗന്ദര്യം ദാർവി: ദേവദാരു വിഭു: ഇന്നപ്രകാരമെന്നു നിര്‍ണയിക്കാന്‍ സാമര്ഥ്യമുള്ളവന്)
ഈരമീരണവുമായ് രമണ്യമനുഹാരമായ് കുമുദകൈരവി
കീരകേരവഗണം രണംചൊരിയെ ഭാരയം പകരുമാരഭി
ചാരവേ രവണവും രസാലരഭസം രസം കുഹുകുഹൂരവം
ശാരദം രചിതസൗരഭം രുചിതകോരകം മണമപാരമായ്
(ഈരം - സ്നേഹം ഈരണം - പറച്ചിൽ രമണ്യം - ക്രീഡ/കളി അനുഹാരം - ഒന്നിനുതുല്യമ്യായി ചെയ്ത/അനുകരണം കൈരവി - നിലാവ് കീരം - തത്ത കേരവം - അരയന്നം രണം - ശബ്ദം ഭാരയം - വാനമ്പാടി ചാരവേ - അടുത്ത് രവണം - കുയിൽ രസാലം - മാവ് രഭസം - ഹർഷം ശാരദം - ഏഴിലംപാല കോരകം - പൂക്കാനുള്ള മൊട്ട്)
ലാസഹാസമൊരു ധൂസരപ്രസരഭാസഭാസുരവിഭാസമായ്
കേസരം സകലരാസഭാവസഹിതം സചേഷ്ടസതതം സര
നിൻ സമാസനമിതിൽ സലീലമണയാൻ സമീരണനുപാസന!
ത്രാസവാസനയിലായ് സമീഹമവനോ നിവാസമരികിൽ സദാ
(ലാസം: ഉദയം ധൂസര: ഭംഗിയുള്ള ഭാസ: തിളക്കം ഭാസുര : ഭയങ്കരമായ / ശോഭയുള്ള വിഭാസ: ശോഭ /വെളിച്ചം
സചേഷ്ട: ചേഷ്ടയോടുകൂടിയ സതതം: എല്ലാപ്പോഴും സര: ചലനം
സമാസനം: മാളിക സലീലം: കളിയായിട്ട്
സമീരണൻ: കാറ്റ് ത്രാസ: ത്രസിപ്പിക്കുന്ന സമീഹ: ആഗ്രഹം/ഇച്ഛ
ഗന്ധം കവർന്നു പറക്കാനെന്നു വ്യംഗ്യം)
ചേർത്തുണർത്തി ഹൃദയത്തിനാത്മ സവിധത്തിലെ പ്രണയമുത്തമാ
ഉത്തമോത്തമസുമത്തിനേകി തണുവൊത്തനീർത്തുളി വിതിർത്തുമേൽ
മുത്തുകോർത്തനിറവൊത്തമാല തുഹിനത്തിനാലഴകു ചാർത്തവേ
പേർത്തുപേർത്തുമുയിരാർത്തു കാണു, ചമയത്തൊടീ കലിക പൂത്തിതാ
(തുഹിനം - മഞ്ഞ് പേർത്ത് - വീണ്ടും)
കോമളം മലരിനോമലാംചിരിതരും മരീചിയൊരു കാമലം
പൂമകൾ മധുരമാം മരന്ദമണിയേ മകാന്ദരുചിരം മദം
പ്രേമസോമളനികാമമോ, കുസുമധാമമേ തരളകാമമാൽ
ഭ്രാമരം മദനമാ മണീചചുഴലം മനോരമ ലലാമമോ
(മരീചി : രശ്മി കാമലം: വസന്തം മകാന്ദം: തേനീച്ച രുചിരം: സ്വാദുള്ളത് സോമള: മൃദുവായ നികാമം: ഏറ്റവും സമൃദ്ധമായ ഭ്രാമരം: ചുറ്റിക്കറങ്ങുന്ന മദനം: തേനീച്ച/വണ്ട് മണീചം: പൂവ് ചുഴലം: വട്ടത്തിൽ/പരിസരത്ത് ലലാമ: കൗതുകം തോന്നിപ്പിക്കുന്ന)
നല്ലപല്ലവവുമില്ലിമേലരുളി ചൊല്ലെഴും മിഴിവുദുർല്ലഭം
മെല്ലെ മെല്ലെ കിളിസല്ലപിച്ചു കളിചൊല്ലിയാടി സഖിയുല്ലരി
ഫുല്ലവല്ലരിയിലല്ലിമേലെ ചെറുചില്ലുതീർത്തു മഴവില്ലൊളി
മല്ലമല്ലികവുമുല്ലസിക്കയിനി കില്ലുവേണ്ടയൊരുഖുല്ലവും
(പല്ലവം - കാറ്റിലിളകുന്നതും ചെവിയിലോ മുടിയിലോ അലങ്കാരത്തിനായി ഇറുത്തെടുക്കുന്നതുമായത് ഇല്ലി - മരക്കൊമ്പ് ചൊല്ലെഴും - കീർത്തികേട്ട ഉല്ലരി - തളിര്/കൂമ്പ് ഫുല്ല - വിടർന്ന അല്ലി - കേസരം ചില്ല് - വെള്ളത്തുള്ളി മല്ല - സൗന്ദര്യമുള്ള മല്ലികം - മാഘമാസം കില്ല് - ക്ളേശം ഖുല്ല - ചെറിയ)
ദൃപ്രദീപ്രമുകുളം പ്രകർഷനിനവായ് പ്രബോധനമതിപ്രിയം
വപ്രവപ്രിപവനപ്രവാഹനിഖിലപ്രതാനി വിലസും പ്രതി
വിപ്രനും പ്രകടമായ് പ്രഫുല്ലകവിതപ്രബാലമണി വെൺപ്രഭ
അപ്രമപ്രകരസുപ്രലാപനിചയം, പ്രകാമകവനപ്രദം
(ദൃപ്ര: ശക്തിയേറിയ ദീപ്ര: കണ്ണഞ്ചിക്കുന്ന/വെട്ടിത്തിളങ്ങുന്ന പ്രകർഷം : ശ്രേഷ്ഠമായ വപ്രം - നദീതീരം വപ്രി - വയൽ പ്രതാനി: പരപ്പ് പ്യതി : സാദൃശ്യം വിപ്രൻ - കവി പ്രബാലം - പവിഴം അപ്രമ - ഭ്രമം പ്രകര: അധികം ചെയ്യുന്ന സുപ്രലാപം: സുവചനം/നല്ല വാക്ക് നിചയം : ശേഖരം പ്രകാമം : തൃപ്തിയോടെ കവനപ്രദം: കവനം പ്രദാനം ചെയ്യുന്ന)