ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന അതേ ചക്രബന്ധം തന്നെയാണു് ഇവിടെയും പ്രതിപദിച്ചിരിക്കുന്നത്. ശ്ലോകത്തിലെ ബന്ധനക്രമം എടുത്തുപറഞ്ഞുതരുന്നുവെന്നുമാത്രം.
ചക്രബന്ധത്തിൻ്റെ ഒരു പ്രത്യേകത അതിലെ ഉദ്ധാരമാണു്. ഉദ്ധാരമെന്നാൽ ഉയർത്തിക്കാട്ടലെന്നർത്ഥം. ചക്രബന്ധത്തിൽ ഒരു ശ്ലോകം എഴുതിക്കഴിഞ്ഞാൽ അതിൽ ഒരു ഉദ്ധാരവുമുണ്ടാകും. ഉദ്ധാരമായി ഭാഷാഭൂഷണത്തിലെ ശ്ലോകത്തിൽ രാജരാജവർമാ എന്ന കവിനാമം കൊടുത്തിരിക്കുന്നതു കാണാം. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ, കാരണം ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.
ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.
1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക
2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം
3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം
4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം
5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം
6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം
7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം
8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.